തിരുവനന്തപുരം: സെപ്റ്റംബർ 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി കെഎസ്‌ഇബി. വൈദ്യുതി ഉപഭോഗം ഉയരുകയും ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സെപ്റ്റംബറിലും പ്രതിസന്ധി തുടരുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കുന്നത്. പീക്ക് സമയത്ത് ആയിരം മെഗാവാട്ടിന്റെ കുറവാണ് നിലവിലുള്ളത്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നും കെഎസ്‌ഇബി പറയുന്നു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതകരമായ നടപടികളൊന്നും ചെയ്യാനാകില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം അർധരാത്രിവരെ നീണ്ടതോടെ ജനങ്ങളും ദുരിതത്തിലായി. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയാണ് നിലവിലെ ലോഡ്‌ഷെഡിങ്ങിന് കാരണമെന്ന വിമർശനവും ശക്തമാണ്.
ഉടൻ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തില്‍, വൈകിട്ട് ആറ് മുതല്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
SUMMARY: ‘Power crisis won’t be resolved by the 15th of this month’; KSEB rejects Chief Minister’s claim
















