ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻസിന് വിരാമമിട്ട് ഷി ജിൻപിങ്ങിന്‍റെ സന്ദർശന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.
ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. പിന്നാലെയാണ് മന്ത്രാലയം പ്രസ്താവനയിലൂടെ ചൈനീസ് പ്രസിഡന്‍റിന്‍റെ സന്ദർശനം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏഴ് വർഷത്തിനിടയിലെ ഷി ജിൻപിങ്ങിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഉച്ചകോടിക്കായി റഷ്യൻ, ചൈനീസ് പ്രസിഡന്റുമാർ ഈ ആഴ്ച അവസാനം ഡൽഹിയിലെത്തുന്ന പശ്ചാത്തലത്തിൽ ചാണക്യപുരിയിലെ ഹോട്ടലുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബർ 11 ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇരു നേതാക്കളും പാലം വ്യോമസേനാ താവളത്തിൽ വിമാനമിറങ്ങിയ ശേഷമായിരിക്കും ചാണക്യപുരി മേഖലയിലെ ഹോട്ടലുകളിലേക്ക് തിരിക്കുക.
സന്ദർശനം ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താനും നിലവിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും അവസരം നൽകും. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ന്യൂഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2019 ഒക്ടോബറിലാണ് ജിൻപിങ് ഇതിനുമുമ്പ് ഇന്ത്യ സന്ദർശിച്ചത്. അന്ന് മഹാബലിപുരത്ത് വെച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
SUMMARY: BRICS Summit: Xi Jinping to arrive in India on Saturday; visit after 7 years
















