കോഴിക്കോട്: കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മൂന്നു കോടതികള്‍ പരിശോധിച്ച അതേ ആരോപണങ്ങള്‍ പുതിയ പേരില്‍ ഉയര്‍ത്തുന്നു. ഒരേ കാര്യത്തിന് ഒരു വ്യക്തി എത്ര തവണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഇത് വ്യക്തിപരമായ ആക്രമണമായി കരുതുന്നില്ല. പ്രസ്ഥാനത്തെ തകർക്കാനുള്ള കടന്നാക്രമണമാണ്. ഉണ്ടയില്ലാ വെടിപൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടിപ്പൊയെന്ന് വലതുപക്ഷം കരുതേണ്ടെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. എനിക്ക് ഇഡിയുടെ യാതൊരു കത്തും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎലിന് വഴിവിട്ട ഒരു ആനുകുല്യവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. അങ്ങനെ നൽകിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കപ്പെട്ടിട്ടുമില്ല.
ഇഡി നിരത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. സിഎംആർഎലിന് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക് പണം നൽകിയെന്നായിരുന്നു നേരത്തെ ഇഡി പറഞ്ഞിരുന്നത്. സിഎംആർഎലിന് വഴിവിട്ട സഹായങ്ങൾ നൽകിയതിന് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലിയെന്നാണ് പുതിയ ഭാഷ്യം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനം രണ്ടു വാദങ്ങൾ ഉയർത്തുന്നു. ഏതിലാണ് ഉറച്ചുനിൽക്കുന്നതെന്ന് അവർ തന്നെ വ്യക്തത വരുത്തണം.
എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി ഇഡി രംഗത്തുവന്നതെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന് പറഞ്ഞു.
സെക്രട്ടറി ആകും മുന്‍പ് തനിക്കുനേരെ കടന്നാക്രമണങ്ങൾ ഉണ്ടായി. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തകർത്തുകളയാമെന്ന് ദുർമോഹം ആർക്കും വേണ്ട. 2016ൽ അധികാരത്തിൽ വന്നപ്പോൾ മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഉണ്ടായി. സംഘടിത ആക്രമണമാണ് ഉണ്ടായത്. കോവിഡ് കാലത്തെ എല്ലാവരും ഒന്നിച്ചുനിന്ന് നേരിട്ടപ്പോൾ മുൻകരുതൽ പോലും അട്ടിമറിക്കുന്ന ഇടപെടൽ ഉണ്ടായി.
എന്ത് കൊണ്ടു താൻ പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിക്കുന്നു. നിയമ നടപടികകളുടെ ഭാഗമായി വീണ അടക്കം മറുപടികൾ നൽകി. മറുപടി കൊണ്ടോ വസ്തുത കൊണ്ടോ അടങ്ങുന്നതല്ല ഈ ആക്രമണം നടത്തുന്നവരുടെ താല്പര്യം. വീണ എല്ലാം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ച കള്ളവും. സംഘപരിവാർ രാഷ്ട്രീയ ആയുധമായിട്ടാണ് കേന്ദ്ര ഏജൻസികൾ ഇടപെടുന്നത്. ഇങ്ങനെ ഉള്ള ഒട്ടേറെ ഘട്ടം നേരിട്ടവരും കടന്നു വന്നവരുമാണ് ഞങ്ങൾ. ഇപ്പോഴത്തെ ഉണ്ടായില്ല വെടി പൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടി പോകും എന്ന് വലത് പക്ഷം കരുതേണ്ടതില്ല. വലതു പക്ഷ മാധ്യമങ്ങളും ഈ കാര്യം ഓർക്കുന്നത് നല്ലതാണ്. സിപിഐയെ കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും.ഇ ഡിയേ ക്കുറിച്ച് നിലപാട് ഉണ്ട്. അതിൽ വ്യത്യസ്തത ഉണ്ടോ എന്ന് അറിയില്ല. അത് അവർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
SUMMARY: ED is spinning a political narrative around allegations that failed in court: Pinarayi.
















