ഇടുക്കി: അടിമാലിയിലെ മരണത്തിൽ പ്രാഥമികമായി ദുരൂഹതയില്ലെന്ന് അടിമാലി സിഐ. വീട്ടിൽ നിലത്ത് ഒലിച്ചിറങ്ങിയ കീടനാശിനി ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കീടനാശിനി കുപ്പിയുടെ അടി പൊട്ടിയ നിലയിലാണെന്നും അബദ്ധത്തിൽ കുട്ടികൾ കഴിച്ചതാകാമെന്നും പോലീസ് വ്യക്തമാക്കി.
ഒരു കുട്ടിയുടെ കൈത്തണ്ടയിൽ രാസപദാർത്ഥത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. പവർകട്ടിന്റെ സമയത്ത് താഴെ വീണ കീടനാശിനി കുട്ടികൾ അറിയാതെ എടുത്തു കഴിച്ചതാവാം എന്നാണ് മാതാപിതാക്കളായ അഫ്സലിന്റെയും സാന്ദ്രയുടെയും മൊഴി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും പുറത്തുവരുന്നതുവരെ ഈ മൊഴി തൽക്കാലം വിശ്വാസത്തിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് വലിയകാട്ടിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നിവർ കീടനാശിനി ഉള്ളിൽ ചെന്ന് മരണത്തിന് കീഴടങ്ങിയത്. ഇതേ തുടർന്ന് അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിതാവിനെ ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
SUMMARY: Death of twins in Adimali; police rule out foul play.
















