ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ മേഖലകളായ തമംഗ്ലോങ്, നോനി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ആറ് വയസുകാരന് വെടിയേൽക്കുകയും മറ്റൊരു സ്ത്രീയെ കാണാതാവുകയും ചെയ്തു. കുക്കി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധ ധാരികളായ സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു എന്നാണ് വിവരം. അധികൃതര്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
തമംഗ്ലോങ് ജില്ലയിലെ ടോളൻ ഗ്രാമത്തിൽ പുലർച്ചെ നാലോടെയാണ് ആദ്യ ആക്രമണം നടന്നതെന്നാണ് കുക്കി-സോ സംഘടനകൾ പറയുന്നത്. സെയ്‌ന സിങ്സിറ്റും ഭാര്യ ലിൻസാങായിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സെയ്‌ന പിന്നീട് ആശുപത്രിയിൽ മരിച്ചു. ആറ് വയസുകാരനായ മകനും വെടിയേറ്റിട്ടുണ്ട്. ശരീരത്തിൽ വെടിയുണ്ട കുടുങ്ങിയ നിലയിൽ കുട്ടി ചികിത്സയിൽ തുടരുകയാണ്.
നോനി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു രണ്ടാമത്തെ സംഭവം. അരി കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ ആയുധധാരികൾ ആക്രമിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ ജൂലി ഗാങ്‌തെയും താങ്‌റോൽ ഗാങ്‌തെയും സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാതായതായും റിപ്പോർട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സായുധ സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഇസാക്-മുയിവ) (NSCN-IM), സീലിയാങ്‌റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസൺ) എന്നീ സംഘടനകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കുക്കി-സോ സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
SUMMARY: Fresh violence in Manipur; four people, including two women from the Kuki-Zo community, killed.
















