ബെംഗളൂരു: ബാലവേലയ്ക്കെതിരെ ബെംഗളൂരു നഗരത്തിൽ പോലീസ്-തൊഴിൽവകുപ്പ് സംയുക്തമായി നടത്തിയ വൻ പരിശോധനയിൽ 529 കുട്ടികളെ രക്ഷപ്പെടുത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള 6,076 സ്ഥാപനങ്ങളിലാണ് അപ്രതീക്ഷിത പരിശോധന നടത്തിയത്. ബാലവേല നിയമം ലംഘിച്ച തൊഴിലുടമകൾക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയും കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചത്. കടകൾ, ഹോട്ടലുകൾ, ഗാരേജുകൾ, വർക്ക്ഷോപ്പുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. കുട്ടികളെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിച്ച സ്ഥാപനങ്ങൾക്കെതിരെ ബാല-കൗമാര തൊഴിലാളി (തൊഴിൽ നിരോധനവും നിയന്ത്രണവും) നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
രക്ഷപ്പെടുത്തിയ കുട്ടികളെ തുടർനടപടികൾക്കായി ശിശുക്ഷേമ സംവിധാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരെ വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും ആവശ്യമായ പുനരധിവാസ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്താകെ ബാലവേലയ്ക്കെതിരെ പ്രത്യേക പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് ബെംഗളൂരുവിലും നടപടി വ്യാപിപ്പിച്ചത്. കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനയിൽ 800ഓളം കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കുട്ടികളെ കണ്ടെത്തിയത്.
കുട്ടികളെ ജോലിക്ക് നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്നും ബാലവേല തടയുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Child Labour: Inspections conducted at 6,076 establishments in Bengaluru; 529 children rescued.
















