തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത് മന സതീശൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയാണ് കാലാവധി. ഈ മാസം 30-ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം അദ്ദേഹം സ്ഥാനമേൽക്കും.
നേരത്തെ 2014 ഏപ്രിൽ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ അദ്ദേഹം ഗുരുവായൂരിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് പുറമെ കോവിഡ് വ്യാപന കാലഘട്ടത്തിലും ആറ് മാസത്തോളം മേൽശാന്തിയുടെ പൂർണ്ണ ചുമതല സതീശൻ നമ്പൂതിരി വഹിച്ചിരുന്നു.
1984 മുതൽ പൂജാകർമ്മങ്ങൾ നിർവ്വഹിച്ചു തുടങ്ങിയ സതീശൻ നമ്പൂതിരിയെ പിതാവ് ഇട്ടിരവി നമ്പൂതിരിയും മുത്തച്ഛന്റെ സഹോദരൻ ഇട്ടിരവി നമ്പൂതിരിയുമാണ് താന്ത്രിക വിദ്യകൾ അഭ്യസിപ്പിച്ചത്. ഗണിതശാസ്ത്ര ബിരുദധാരിയാണ്. ഭാര്യ: ഒറ്റപ്പാലം മേച്ചേരി മന ഷീജ അന്തർജനം.
ബെംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്വെയർ എൻജിനീയർ ശ്രീവിദ്യയുമാണ് മക്കൾ. മരുമകൻ: വിഷ്ണു (സോഫ്റ്റ്വെയർ എൻജിനീയർ, ബെംഗളൂരു).
SUMMARY: Pazhayayath Manakkal Satheesan Namboodiri has been selected as the Melshanti (Chief Priest) of Guruvayur Temple.
















