ഉധംപൂര്‍: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയോടെ സോഹൻ മേഖലയിലുണ്ടായ ഏറ്റുമുട്ടിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ജമ്മു കാശ്മീർ പോലീസ്, രാഷ്ട്രീയ റൈഫിള്‍സ്, പാരാ സ്‌പെഷ്യല്‍ ഫോഴ്സ് എന്നിവർ സംയുക്തമായി പ്രദേശത്ത് തമ്പടിച്ചതോടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് വൻതോതില്‍ ആയുധ ശേഖരം കണ്ടെടുത്തതായാണ് വിവരം. കൊല്ലപ്പെട്ടവർ വിദേശികളാണെന്നാണ് സൂചനയെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Encounter in Kashmir; Army kills two terrorists















