ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. കൊറമംഗല ഉൾപ്പെടെയുള്ള ചില മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി.
ദക്ഷിണ ഉൾനാടൻ കർണാടകയിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. ചില ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴയ്ക്കിടെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ഗതാഗതം മന്ദഗതിയിലാകാനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകൾക്കും മരങ്ങൾക്കും സമീപം നിൽക്കുന്നത് ഒഴിവാക്കണമെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ നിർദേശിച്ചു.
















