ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും വിധിച്ച് കർണാടക ഹൈക്കോടതി. കാർവാർ സ്വദേശി അഭിഭാഷകൻ പങ്കജ് കൗശിക്കിനാണ് ശിക്ഷ നല്കിയത്.
കാർവാറിലെ അഡീഷണൽ സിവിൽ ജഡ്ജി ആൻഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ സ്വയം വാദിക്കുന്ന കക്ഷിയായി ഹാജരായിരുന്ന കൗശിക്, കേസ് അന്ന് പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയിരുന്നില്ലെങ്കിലും കോടതിയിലെത്തുകയായിരുന്നു. കേസ് പരിഗണിക്കുന്ന തീയതി നൽകിയില്ലെന്ന് ആരോപിച്ച് ജഡ്ജിയോടും ബെഞ്ച് ക്ലർക്കിനോടും അദ്ദേഹം കയർത്തതായി കോടതിയുടെ രേഖകളിൽ പറയുന്നു.
ജഡ്ജി പെരുമാറ്റം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം ശബ്ദമുയർത്തി സംസാരിക്കുന്നത് തുടർന്നുവെന്നാണ് കണ്ടെത്തൽ. ഇതിനിടെ, ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവുകൾ പുറപ്പെടുവിക്കാൻ ജഡ്ജി പണം വാങ്ങിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ-സെഷൻസ് ജഡ്ജി ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.
തുടർന്ന് സമാനമായ മറ്റൊരു സംഭവവും ഉണ്ടായതായി ഹൈക്കോടതി കണ്ടെത്തി. മുതിർന്ന അഭിഭാഷകൻ മറ്റൊരു കേസ് വാദിക്കുന്നതിനിടെ കൗശിക് ഇടപെട്ട് തന്റെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി ഇടപെട്ടിട്ടും ബഹളം തുടരുകയും ചെയ്തതായി രേഖകളിൽ പറയുന്നു.
ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകിയതായും കോടതി രേഖപ്പെടുത്തി. എന്നാൽ താൻ മദ്യലഹരിയിലായിരുന്നില്ലെന്നും നടപടികൾ തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്നുമായിരുന്നു കൗശിക്കിന്റെ വാദം.
കേസിന്റെ വാദത്തിനിടെ ഖേദം പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടും തന്റെ നിലപാടിൽ ഉറച്ചുനിന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ അധികാരത്തെയും നടപടികളെയും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നും ഇത്തരം പ്രവൃത്തികൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
കോടതിയലക്ഷ്യ നിയമത്തിലെ 12(1) വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. കോടതി പിരിയുന്നതുവരെ ഒരു ദിവസത്തെ ലളിത തടവാണ് ശിക്ഷ. കൂടാതെ 2,000 രൂപ പിഴ 15 ദിവസത്തിനകം അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു ദിവസം കൂടി ലളിത തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ നടപ്പാക്കുന്നതിനായി അഭിഭാഷകനെ ഉടൻ കസ്റ്റഡിയിലെടുക്കാനും നിർദേശിച്ചു.
SUMMARY: Lawyer who lashed out at judge sentenced to one day in jail and fined ₹2,000.
















