തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി യാത്ര’ പദ്ധതി ആരംഭിച്ചിട്ട് നാളെ 100 ദിവസം പൂർത്തിയാകുകയാണ്. ഈ വർഷം ജൂണ്‍ 15ന് ആരംഭിച്ച പദ്ധതി നാളെ നൂറാം ദിനം പിന്നിടുന്നതിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോണ്‍ തമ്പാനൂർ ഡിപ്പോയില്‍ സന്ദർശനം നടത്തുകയും ജീവനക്കാർക്കും യാത്രക്കാർക്കും മധുരവും വിതരണം ചെയ്യും.
സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വർദ്ധനയുണ്ടായെന്നാണ് കെഎസ്‌ആർടിസിയുടെ കണക്ക്.
ദൈനംദിന യാത്രകള്‍ക്കായി കെഎസ്‌ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവർക്കും പദ്ധതി സഹായകരമായതായി കെഎസ്‌ആർടിസി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
‘കരുതലിന്റെ കൈത്താങ്ങായി ജനപ്രിയ പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് കെഎസ്‌ആർടിസി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗതം സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കൂടുതല്‍ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാനും കെഎസ്‌ആർടിസി സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കാനും പ്രിയദർശിനി യാത്രയ്ക്ക് കഴിഞ്ഞതായും കെഎസ്‌ആർടിസി അവകാശപ്പെട്ടു.
SUMMARY: ‘Priyadarshini Yatra’ marks its 100th day tomorrow; KSRTC reports a 60% increase in female passengers
















