ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല് വരിയുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മാണം ആരംഭിക്കുന്നതിനെ തുടർന്ന് 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
ബെംഗളൂരു വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ യെലഹങ്ക ഭാഗത്തേക്കുള്ള ബല്ലാരി റോഡിൽ, യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപം മുതൽ മെഖ്രി സർക്കിളിലെ റോട്ടറി ഫ്ലൈഓവർ വരെയാണ് നാലുവരി എലിവേറ്റഡ് കോറിഡോർ നിർമിക്കുന്നത്. ഏകദേശം 1.6 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് 420 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിർമാണം പൂർത്തിയാക്കാൻ 18 മാസമാണ് നിശ്ചയിച്ചിരിക്കുന്നത്.
നിർമാണം നടക്കുന്ന റോഡിന്റെ ഭാഗത്ത് ലൈറ്റ്, മീഡിയം, ഹെവി വിഭാഗങ്ങളിലുള്ള ചരക്കുവാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ല.
ഗതാഗത നിയന്ത്രണങ്ങൾ ഇപ്രകാരം
ഹെബ്ബാൾ വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ:
-
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഓൾഡ് ഹൈ ഗ്രൗണ്ട്സ് ജങ്ഷൻ – കൽപന ജങ്ഷൻ – ഓൾഡ് ഉദയ ടിവി ജങ്ഷൻ – കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ – ടാനറി റോഡ് – നാഗവാര റോഡ് വഴി വിമാനത്താവളത്തിലേക്ക് പോകണം.
- യശ്വന്ത്പൂരിൽ നിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ മത്തിക്കരെ റോഡ് വഴി സഞ്ചരിച്ച്, ബി.ഇ.എൽ (BEL) സർക്കിളിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റിംഗ് റോഡ് വഴി പോകണം.
ഹെബ്ബാൾ വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ:
-
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു നഗരത്തിന്റെ മധ്യഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഹെബ്ബാളിൽ ഇടത്തേക്ക് തിരിഞ്ഞ്, നാഗവാര ജങ്ഷനിലേക്ക് പോയി, അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ബാംബൂ ബസാർ, ക്വീൻസ് റോഡ് വഴി പോകണം
-
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരു നഗരത്തിന്റെ മധ്യഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഹെബ്ബാളിൽ വലത്തേക്ക് തിരിഞ്ഞ് ഹെബ്ബാൾ റിംഗ് റോഡ് – കുവെമ്പു സർക്കിൾ – ഗൊരുകുണ്ഡപാളയ ജങ്ഷൻ വഴി പോകാവുന്നതാണ്. ഗൊരുകുണ്ഡപാളയ ജങ്ഷനിൽ എത്തിയാൽ ഇടത്തേക്ക് തിരിഞ്ഞ് ഡോ. രാജ്കുമാർ റോഡ് വഴി നഗരത്തിലേക്ക് തുടരേണ്ടതാണ്.
-
യശ്വന്ത്പൂരിൽ നിന്ന് ബെംഗളൂരു നഗരത്തിന്റെ മധ്യഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.എച്ച്.ഇ.എൽ (BHEL) ജങ്ഷൻ വഴി മുന്നോട്ട് പോയി, മരമ്മ സർക്കിളിന് സമീപം വലത്തേക്ക് തിരിഞ്ഞ് മാർഗോസ റോഡ് വഴി പോകണം.
-
ഹെബ്ബാളിൽ നിന്ന് ബെംഗളൂരു നഗരത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഹെബ്ബാൾ ഫ്ലൈഓവർ ഇറങ്ങിയ ശേഷം ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് മുന്നിലുള്ള സർവീസ് റോഡിൽ പ്രവേശിച്ച് സി.ബി.ഐ (CBI) ജങ്ഷൻ വരെ സർവീസ് റോഡ് വഴി തുടരാൻ നിർദ്ദേശിക്കുന്നു. അതിനുശേഷം അവർക്ക് ബല്ലാരി മെയിൻ റോഡ് വഴി ബെംഗളൂരു നഗരത്തിലേക്ക് പോകാം.
-
ഹെബ്ബാളിൽ നിന്ന് ആനന്ദ് നഗർ, ആർ.ടി. നഗർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് മുന്നിലുള്ള സർവീസ് റോഡിൽ പ്രവേശിച്ച്, ആനന്ദ് നഗർ ക്രോസിലേക്ക് പോയി, സി.ബി.ഐ (CBI) ജങ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ആനന്ദ് നഗർ മെയിൻ റോഡിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നു. തുടർന്ന് അവർക്ക് ആർ.ടി. നഗർ, ജയമഹൽ റോഡ് വഴി യാത്ര തുടരാവുന്നതാണ്.
SUMMARY: Construction of elevated corridor; traffic restrictions on Bengaluru–Ballari Road for 18 months
















