അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തില്‍ എ.സി പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി. അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഉടമസ്ഥ ഓടി രക്ഷപ്പെട്ടതിനാല്‍ ആർക്കും പരുക്കില്ല. രാവിലെ പത്തരയോടെ കട തുറന്ന് എ.സി ഓണ്‍ ചെയ്ത ഉടൻ തന്നെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു.
ഉടമസ്ഥ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങി ഓടിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
തീപിടുത്തത്തില്‍ ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിയമർന്നു. സമീപത്തെ ഗോഡൗണിലേക്കും തീ പടർന്നിരുന്നു. തകഴിയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം അര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
SUMMARY: Beauty parlour destroyed by fire after AC explodes
















