തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളില്‍ മൂന്നിരട്ടി വരെയാണ് വർധന. പുതിയ നിരക്കുകള്‍ ഒക്ടോബർ 12 മുതല്‍ നിലവില്‍ വരും. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളില്‍ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ളതും ഇല്ലാത്തതുമായ കണക്ഷനുകള്‍ക്ക് ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക.
കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. 200 മീറ്ററിന് അപ്പുറം കൂടുതല്‍ പോസ്റ്റുകളും ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകള്‍ക്ക് നിലവിലെ നിരക്ക് തുടരും. രണ്ട് കിലോവാട്ട് വരെയുള്ള സിംഗിള്‍ ഫെയ്‌സ് ഗാർഹിക കണക്ഷന് 2,000 രൂപയാണ് പുതിയ ഫീസ്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള കണക്ഷന്റെ ഫീസ് 1,740 രൂപയില്‍ നിന്ന് 5,000 രൂപയാക്കി.
ഉയർന്ന ലോഡുള്ള കണക്ഷനുകള്‍ക്കും വൻ വർധനയുണ്ട്. 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവില്‍ 21,750 രൂപയായിരുന്ന ഫീസ് ഇനി 2.11 ലക്ഷം രൂപയായി ഉയരും. ഈ വിഭാഗത്തില്‍ ട്രാൻസ്‌ഫോർമറോ മറ്റ് ഉപകരണങ്ങളോ ആവശ്യമായാല്‍ അതിനായി അധിക തുക ഈടാക്കില്ല. ഗാർഹിക കണക്ഷനുകളുടെ നിരക്കുകള്‍ രണ്ടുമാസത്തിനകം വീണ്ടും പരിഷ്കരിച്ച് ശുപാർശ നല്‍കാനും റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
SUMMARY: Fees for new electricity connections hiked sharply; increase up to threefold
















