തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ അറസ്റ്റില്‍. വിദേശത്ത് നിന്ന് മടങ്ങിവരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് മായ പിടിയിലായത്. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. അർമേനിയയിലും പോളണ്ടിലും ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വിദേശത്ത് ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം വാങ്ങിയെന്ന പരാതികളാണ് സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്.
ബെംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റർ ഓവർസീസ് പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്. പരാതികളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Fraud worth lakhs involving promises of overseas jobs; CEO of Amster firms arrested
















