ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയന്‍ ധരതാ പുരസ്കാരം നല്‍കി ആദരിക്കും. സ്മിത്ത് മച്ചാറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ധീരതാ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ സിവിലിയന്‍ ഹീറോയിസം സമ്മാനിക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി.
വിമാനം തകരാതെ രക്ഷിക്കാൻ സഹായിച്ച ആറ് ഇസ്രയേലി യാത്രക്കാർക്ക് ചടങ്ങില്‍ പ്രസിഡൻഷ്യല്‍ മെഡല്‍ ഫോർ സിവിലിയൻ ഹീറോയിസം സമ്മാനിച്ചു. ‘ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. ക്യാപ്റ്റൻ മച്ചാറിന്റെ അസാമാന്യ ധൈര്യവും പ്രൊഫഷണലിസവുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.
അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടിയശേഷം, ഇസ്രയേല്‍ ജനതയ്ക്കുവേണ്ടി ഈ പരമോന്നത പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എനിക്ക് ലഭിക്കുന്ന വലിയൊരു ബഹുമതിയായിരിക്കും’, എന്ന് പ്രസിഡന്റ് ഹെർസോഗ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് നിലവില്‍ യു.എ.ഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ ഇസ്രയേലി യാത്രക്കാരായ താലി മനെസ്, സ്വിക മനെസ്, യാനിവ് ഹായൂണ്‍, ഡോ. ഷോത മുസായേവ്, അസാഫ് രാജ്‌വാൻ, ഓർ പർദിലോവ് എന്നിവർക്കാണ് പ്രസിഡന്റ് സിവിലിയൻ ധീരതാ പുരസ്കാരം നല്‍കിയത്. താലി മനെസാണ് ആദ്യം അപകട മുന്നറിയിപ്പ് നല്‍കിയത്. യാനിവ് ഹായൂണ്‍, സ്വിക മനെസ്, ഓർ പർദിലോവ്, അസാഫ് രാജ്‌വാൻ എന്നിവർ ചേർന്ന് ക്യാപ്റ്റനെ ആക്രമിച്ച സഹപൈലറ്റിനെ കീഴ്പ്പെടുത്തി. ഡോക്ടറായ ഷോത മുസായേവ് പരുക്കേറ്റ പൈലറ്റിന് അടിയന്തര വൈദ്യസഹായം
നല്‍കി.
SUMMARY: Israel’s highest civilian award for bravery to Indian pilot Captain Smith Machar
















