തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ദിവസങ്ങൾക്ക് മുൻപാണ് ചികിത്സയ്ക്കെത്തിയ അപസ്മാര രോഗിക്ക്, മാനസികാരോഗ്യ രോഗികൾക്ക് നൽകുന്ന ഉയർന്ന ഡോസിലുള്ള മരുന്ന് നൽകിയത്. മരുന്ന് കഴിച്ച അണ്ടൂർക്കോണം സ്വദേശിയായ 27 കാരനായ അംബരീഷ് മെഡിക്കൽ കോളജ് തീവ്ര പരിചരണ ഐ സി യുവിൽ ചികിത്സയിലാണ്.
ദീർഘനാളായി ഓട്ടിസ, അപസ്മാര രോഗ ബാധിതനായ അംബരീഷ് അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി വരികയായിരുന്നു. ആശുപത്രി ഫാർമസിയിൽ നിന്നും ലഭിക്കുന്ന മരുന്ന് മുടങ്ങാതെ കഴിക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും ലഭിച്ച മരുന്ന് കഴിച്ചതുമുതൽ അംബരീഷിന്റെ അസുഖം മൂർഛിച്ചു. വീട്ടുകാർ മരുന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ കഴിക്കാറുള്ള മരുന്നല്ല ലഭിച്ചതെന്നറിയുന്നത്.
അപസ്മാര രോഗത്തിന് ലഭിക്കാറുള്ള ക്ലോബാസിൻ എന്ന മരുന്നിന് പകരമായി ആശുപത്രിയിൽ നിന്നും ലഭിച്ചത് ഗുരുതര മാനസികാരോഗ്യ ചികിത്സയ്ക്ക് രോഗികൾക്ക് നൽകുന്ന മരുന്നായ ആന്റീ സൈക്കോട്ടിക്ക് ക്ലോസഫിൻ എന്ന മരുന്നാണ്. സാധാരണ കഴിക്കുന്ന 10 എം ജി ക്ലോബാസിൻ മരുന്നായിരുന്നില്ല ഇത്. പകരമായി മാറി നൽകിയത് 100 മി ഗ്രാം വരുന്ന വരുന്ന ക്ലോസഫിൻ നൽകി. ഈ മരുന്ന് കഴിച്ച് രോഗം ഭേദമാകാത്തതിനെ തുടർന്ന് വീണ്ടും 100 മി ഗ്രാം ഇതേ മരുന്ന് വീണ്ടും കഴിച്ചു. തുടർന്ന് അബോധാവസ്ഥയിലായ അംബരീഷിനെ അണ്ടൂർക്കോണത്തുതന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസിൽ എത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് മരുന്ന് മാറിയ വിവരമറിയുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
SUMMARY: Pharmacist suspended for dispensing wrong medication to a patient at a Community Health Centre
















