ബെംഗളൂരു: ദൊഡ്ഡബള്ളാപുര മെയിൻ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ജീവനക്കാരനായ യുവാവ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതാപ് റായ് (33)ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. അപകടത്തിനുശേഷം ലോറി നിർത്താതെ പോയി. ഡ്രൈവറെ കണ്ടെത്താൻ യെലഹങ്ക ട്രാഫിക് പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിലെ അഡുഗോഡിയിൽ താമസിച്ചിരുന്ന പ്രതാപ് റായ് നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്ത് സനോജ് സ്റ്റെഫിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ദൊഡ്ഡബള്ളാപുര മെയിൻ റോഡിലെ ഒരു വളവിന് സമീപം കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചതായാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ പ്രതാപ് റായ് സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ സനോജ് സ്റ്റെഫിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയുടെ തിരിച്ചറിയുതിനായി അപകടസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
SUMMARY: Hotel employee dies after being hit by a concrete mixer truck on Doddaballapura Road; friend injured.
















