ബെംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്നാട്ടിലേക്ക് ഒക്ടോബർ 24 മുതൽ നവംബർ 6 വരെ പ്രതിദിനം 3,000 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടാൻ കർണാടകയോട് കാവേരി ജല മാനേജ്മെന്റ് അതോറിറ്റി നിർദേശിച്ചു. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ചേർന്ന അതോറിറ്റിയുടെ 60-ാമത് യോഗത്തിലാണ് കാവേരി ജല നിയന്ത്രണ സമിതിയുടെ ശുപാർശ അംഗീകരിച്ചത്. . 15 ദിവസത്തിനിടെ ഏകദേശം 3.88 ടി.എം.സി. അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകും.
അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലലഭ്യത കുറവാണെന്നും ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലെ കുടിവെള്ള ആവശ്യങ്ങൾ പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി കർണാടക കൂടുതൽ വെള്ളം വിട്ടുനൽകുന്നതിനെ എതിർത്തു. കാവേരി ഡെൽറ്റ മേഖലയിലെ കർഷകർക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നില്ലെന്നും കൃഷി പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് കൂടുതൽ ജലം ആവശ്യപ്പെട്ടത്. ഒക്ടോബർ 24 മുതൽ അടുത്ത 15 ദിവസത്തേക്ക് 18.402 ടി.എം.സി. അടി വെള്ളം ലഭ്യമാക്കണമെന്നും ഇതിൽ നേരത്തെയുള്ള കുടിശ്ശികയായി കണക്കാക്കുന്ന 13.829 ടി.എം.സി. അടി ഉൾപ്പെടുത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
ഇതിനായി പ്രതിദിനം 14,236 ക്യുസെക്‌സ് വെള്ളം ഒഴുക്കിവിടണമെന്നായിരുന്നു തമിഴ്നാടിന്റെ ആവശ്യം. എന്നാൽ, ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ പരിഗണിച്ചശേഷം കാവേരി ജല നിയന്ത്രണ സമിതി പ്രതിദിനം 3,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകണമെന്നാണ് ശുപാർശ ചെയ്തത്. പിന്നീട് ചേർന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ഈ തീരുമാനം അംഗീകരിച്ചു. തങ്ങളുടെ നാല് പ്രധാന കാവേരി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് സാധാരണ നിലയേക്കാൾ ഗണ്യമായി കുറഞ്ഞുവെന്നാണ് കർണാടകയുടെ വാദം. ദീർഘകാല ശരാശരിയായ 273.865 ടി.എം.സി. അടി നീരൊഴുക്കിനെ അപേക്ഷിച്ച് ഈ വർഷം ലഭിച്ചത് 122.293 ടി.എം.സി. അടി മാത്രമാണെന്നും ഇത് 55.35 ശതമാനം കുറവാണെന്നും സംസ്ഥാന അധികൃതർ സമിതിയെ അറിയിച്ചു. ഒക്ടോബർ 22-ലെ കണക്കുപ്രകാരം കർണാടകയിലെ നാല് അണക്കെട്ടുകളിലായി 46.510 ടി.എം.സി. അടി ഉപയോഗിക്കാവുന്ന
ജലശേഖരമാണുണ്ടായിരുന്നത്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളുടെയും മറ്റ് ആവശ്യങ്ങളുടെയും കുടിവെള്ള വിതരണത്തിന് ശേഷിക്കുന്ന ജലം സംരക്ഷിക്കേണ്ടതുണ്ടെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
SUMMARY: Cauvery Water Distribution: Karnataka directed to release 3,000 cusecs of water daily to Tamil Nadu for 15 days.
















