ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പുതിയ വില 2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. കാലിത്തീറ്റ, മരുന്ന്, ഗതാഗതം, പാക്കേജിങ് തുടങ്ങിയ ചെലവുകൾ വർധിച്ചതിനെത്തുടർന്നാണ് വില പരിഷ്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച കർണാടക മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് വിവരം പുറത്തുവിട്ടത്. ഒക്ടോബർ 6ന് തന്നെ മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നെങ്കിലും, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് പ്രഖ്യാപനം നീണ്ടുപോയത്.
വിലവർധനയോടെ നീല പാക്കറ്റിലുള്ള ടോൺഡ് പാലിന്റെ ഒരു ലിറ്ററിന്റെ വില 46-ൽനിന്ന് 54 രൂപ ആയി ഉയരും. മറ്റു പാക്കറ്റുകൾക്കും ഇതേ ക്രമത്തിൽ വില വർദ്ധിക്കും. സംസ്ഥാനത്തെ പാൽ ഉൽപാദക കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുകയും ക്ഷീരസഹകരണ മേഖലയിലെ പ്രവർത്തനച്ചെലവുകൾ പരിഹരിക്കുകയും ചെയ്യുകയാണ് വിലവർധനയുടെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം.
#BREAKING | Karnataka hikes Nandini milk prices by Rs 8 per litre from November 1
NDTV’s @dpkBopanna joins @Vasudha156 with more details https://t.co/HIs8suWqlK
— NDTV (@ndtv) October 29, 2026
വിലവർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അധിക തുകയുടെ ഭൂരിഭാഗവും പാൽ ഉൽപാദക കർഷകർക്ക് നൽകാനാണ് തീരുമാനം. ലിറ്ററിന് വർധിപ്പിക്കുന്ന 8-ൽ 7 രൂപ കർഷകർക്ക് അധികമായി ലഭിക്കും. ശേഷിക്കുന്ന 1 രൂപ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവർത്തനച്ചെലവുകൾക്കായി നീക്കിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
കാലിത്തീറ്റയുടെയും പശുക്കൾക്കുള്ള മരുന്നുകളുടെയും വില വർധിച്ചതിനൊപ്പം പാൽ ശേഖരണം, സംസ്കരണം, പാക്കേജിങ്, വിതരണം എന്നിവയ്ക്കുള്ള ചെലവുകളും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് വിലപരിഷ്കരണത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Nandini milk price increased by Rs 8 per litre; effective from November 1.















