ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്കായി ഇളവുകളോടുകൂടിയ പുതിയ വാർഷിക ടോൾ പാസ് പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ടോൾ പ്ലാസ നഗര പരിധിക്കുള്ളിലാണോ പുറത്താണോ എന്നതിന്റെ അടിസ്ഥാനത്തിൽ രണ്ട് വാർഷിക പാസ് നിരക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. അർഹരായവർക്ക് 1,500 രൂപയോ 3,000 രൂപയോ നൽകി വാർഷിക പാസ് നേടാം. പുതിയ സംവിധാനം 2026 നവംബർ 1 മുതൽ നിലവിൽ വരും. നഗരസഭാ പരിധിയിലും തദ്ദേശ പട്ടണപരിധിയിലും ടോൾ പ്ലാസകളിൽ വാർഷിക പാസിന് 3,000 രൂപയാണ് നിരക്ക്. ഇതിനു പുറത്തുള്ള ടോൾ പ്ലാസകളിൽ വാർഷിക പാസിന് 1,500 രൂപ നൽകിയാൽ മതിയാകും.
കേന്ദ്ര സർക്കാറിന് എല്ലാ വർഷവും നിരക്കുകൾ പുതുക്കാം. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരിക. ക്ലോസ്ഡ് യൂസർ-ഫീ കലക്ഷൻ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലോ എക്സ്പ്രസ് വേകളിലോ ഈ പാസ് ലഭ്യമാകില്ല. കൂടാതെ, പ്രാദേശിക യാത്രാക്കാർക്കായി സർവിസ് റോഡോ ബദൽ പാതയോ ലഭ്യമായ പ്ലാസകളിൽ കൺസഷൻ പാസ് അനുവദിക്കില്ല.
ഈ പാസ് പ്രത്യേകമായി തെരഞ്ഞെടുക്കുന്ന ആ ഒരു ടോൾ പ്ലാസയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. മറ്റൊരു ലൊക്കേഷനിലേക്കും മാറ്റാൻ സാധിക്കില്ല. വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത, സാധുവായതും പ്രവർത്തിക്കുന്നതുമായ ഫാസ്ടാഗ് ഈ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമാണ്. അതേസമയം ഈ വാർഷിക പാസ് നിർദ്ദിഷ്ട ടോൾ പ്ലാസയ്ക്ക് മാത്രമേ ബാധകമാകൂ. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലേക്കും പ്രവേശനം നൽകുന്ന പാസായി ഇതിനെ തെറ്റിദ്ധരിക്കരുത്.
SUMMARY: Starting November 1st, those living within a 20-kilometer radius of National Highway toll plazas can obtain a concessional annual pass for Rs 1,500.
















