ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇൻഡ്യ’ മുന്നണി നവംബർ 1-ന് നടത്തുന്ന റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). തിരഞ്ഞെടുപ്പ് കമീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ തകർക്കുന്നുവെന്നും യോഗ്യരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. ‘ഗ്യാന്യു പുറത്തു പോകണം! രാജ്യമാണ് എല്ലാറ്റിനും മുകളിൽ’ എന്നീ വാക്കുകളോടെയാണ് അദ്ദേഹം പ്രസ്താവന എക്സിലൂടെ പങ്കുവെച്ചത്.
എസ് ഐ ആറിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടതോടെ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സി ജെ പി പറഞ്ഞു. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന്റെ രാജി അത്യാവശ്യമാണെന്നും സി ജെ പി പ്രസ്താവനയില്‍ അറിയിച്ചു.
ഓരോ അര്‍ഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്ന് സി ജെ പി അറിയിച്ചു.എന്നാല്‍, റാലിയില്‍ ദിപ്കെയോ സി ജെ പിയിലെ മറ്റ് നേതാക്കളോ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കോൺഗ്രസിന്റെ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) കാമ്പെയ്ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിൽ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: CJP extends support to the rally announced by the INDIA alliance in Delhi on November 1st.
















