ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ നവംബർ മൂന്നു മുതൽ പതിവ് സർവീസ് ആരംഭിക്കും. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ സ്ലീപ്പർ വന്ദേഭാരത് സർവീസാണിത്. നവംബർ ഒന്നിന് രാവിലെ 11.30-ന് ബെംഗളൂരു എസ്എംവിടി ടെർമിനലിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ഓട്ടത്തിൽ റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
സമയക്രമം
ബെംഗളൂരു എസ്എംവിടി –മുംബൈ സിഎസ്എംടി വന്ദേഭാരത് (27652): രാത്രി 7.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.55ന് മുംബൈയിലെത്തും. മുംബൈ സിഎസ്എംടി–ബെംഗളൂരു എസ്എംവിടി വന്ദേഭാരത് (27651): രാത്രി 8.10നു മുംബൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലെത്തും.
ഇരുവശങ്ങളിലുമായി ധർമ്മാവാരാം, അനന്തപുർ, ഗുണ്ടക്കൽ, റായ്്ച്ചൂർ, യാദ്ഗിർ, വാഡി, കലബുറഗി, സോലാപുർ, പുണെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ബെംഗളൂരു-മുംബൈ സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടാകില്ല. 16 കോച്ചുള്ള ട്രെയിനിൽ 823 യാത്രക്കാരെ വഹിക്കാം. 611 ബെർത്തുള്ള 11 എ.സി. ത്രീ-ടിയർ കോച്ചും 188 ബെർത്തുള്ള നാല് ടൂ-ടിയർ കോച്ചും 24 ബെർത്തുള്ള ഒരു ഫസ്റ്റ് ക്ലാസ് കോച്ചും ആണ് ഉണ്ടാവുക. തേഡ് എസിയിൽ 2684 രൂപയും സെക്കൻഡ് എസിയിൽ 3466 രൂപയും ഫസ്റ്റ് ക്ലാസിൽ 4250 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെ നിരക്കിൽ വ്യത്യാസം വരും.
SUMMARY: South India’s first Vande Bharat Sleeper; Mumbai–Bengaluru Vande Bharat to start from November 3
















