ബെംഗളൂരു: കർണാടകയിലെ എല്ലാ സ്കൂളുകളിലും കന്നഡ രാജ്യോത്സവം നിർബന്ധമായും ആഘോഷിക്കണമെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. നവംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആഘോഷം ഒഴിവാക്കാനോ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനോ പാടില്ലെന്നും വകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ പ്രൈമറി, ഹൈസ്കൂളുകൾക്കെല്ലാം നിർദേശം ബാധകമാണ്. ഇതുസംബന്ധിച്ച് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 15-ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ആഘോഷം കൃത്യമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സ്കൂൾ മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഞായറാഴ്ച സ്കൂളുകളിൽ പരിപാടി സംഘടിപ്പിക്കേണ്ടിവരുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അവധി ക്രമീകരണങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഞായറാഴ്ച കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാമെന്ന് ചില സ്കൂൾ മേധാവികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
SUMMARY: Kannada Rajyotsava celebrations made mandatory in schools; directive issued stating that celebrations should not be skipped even though November 1st falls on a Sunday.















