ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആലടി വരിക്കാനി നോയല്‍ തോമസ്, മേരികുളം ആറേക്കർ ആരംപുളിക്കല്‍ സാനീഫ് സലിം എന്നിവരാണ് മരിച്ചത്. അയ്യപ്പൻകോവിലിന് സമീപം പരപ്പില്‍ രാത്രി 1.20 നാണ് അപകടം സംഭവിച്ചത്. ആലടിയില്‍ നിന്നും മേരികുളം ഭാഗത്തേക്ക് പോയ ഇരുചക്ര വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സാനിഫ് സലീം നോയലിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉടൻ സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെയെത്തും മുൻപ് ഇരുവരും മരിച്ചു. ഇരുവരുടെയും മുകളിലേക്ക് ബൈക്ക് മറിഞ്ഞനിലയിലാണ് കണ്ടത്. അപകടസമയത്ത് ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും മുഖംമറയ്ക്കുന്ന വിധത്തിലുള്ളതായിരുന്നില്ല ഇത്. ഇരുവരുടെയും തലയ്ക്കാണ് പരുക്കേറ്റത്. ഇതാണ് മരണകാരണം.
SUMMARY: Two young men died after their bike went out of control and hit a pole
















