ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക ന്യൂ ടൗൺ സ്വദേശി ഹരീഷ് (36) നെ യാണ് അറസ്റ്റ് ചെയ്തത്.
ഉപഭോക്താവെന്ന വ്യാജേന ആഭരണശാലയിലെത്തിയ പ്രതി സ്വർണാഭരണങ്ങൾ പരിശോധിക്കുന്നതിനിടെ രണ്ട് സ്വർണമാലകളും ഏഴ് മോതിരങ്ങളും മോഷ്ടിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറിയ സമയത്താണ് ആഭരണങ്ങൾ കൈക്കലാക്കിയതെന്നാണ് റിപ്പോർട്ട്.
ആകെ 102 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് യെലഹങ്ക ന്യൂ ടൗൺ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്.
ഒക്ടോബർ 29-നാണ് മോഷണം നടന്നത്. കേസിലെ അന്വേഷണത്തിനൊടുവിൽ ഇന്നാണ് അറസ്റ്റ് സംബന്ധിച്ച വിവരം പുറത്തുവന്നത്. ആഭരണശാലകളിൽ ഉപഭോക്താക്കൾ എന്ന വ്യാജേന എത്തി മോഷണം നടത്തുന്ന സംഭവങ്ങൾക്കെതിരെ വ്യാപാരികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശിച്ചു.
SUMMARY: Gold worth 13.20 lakh stolen in Yelahanka; suspect arrested
















