കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ ഡി ആര് പരിശോധനാഫലം. അപകടമുണ്ടാക്കിയ വാഹനം സംഭവസമയത്ത് മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി എം ഡ ബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്.. അപകടം സംഭവിക്കുന്നതിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പെഡൽ അമർത്തിയതെന്നും ക്രാഷ് ഡാറ്റാ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 10ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പ്പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
SUMMARY: Confirmation that the vehicle involved in the Nedumbassery accident was traveling at a speed of 144 km/h.
















