ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ വീണ്ടും അവസരം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. പട്ടികകൾ വെബ്സൈറ്റിൽ പിഡിഎഫ് രൂപത്തിലും ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരു അവസരം കൂടി നൽകും. ഇതിനായി മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
ഭാഗികമായി പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ ബിഎൽഒമാർ വാട്സ്ആപ്പ്, ഇമെയിൽ മാർഗങ്ങളിലൂടെ വോട്ടർമാർക്ക് എത്തിക്കും. വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫോമുകൾ ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാനും കഴിയും. താമസം മാറിയ വോട്ടർമാർ ഇനി ഫോം-8 സമർപ്പിക്കേണ്ടതില്ല. പകരം പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവന സഹിതം ഫോം നൽകിയാൽ മതിയാകും. ഭവനരഹിതരുടെ കാര്യത്തിൽ ബിഎൽഒ നടത്തുന്ന സ്ഥലപരിശോധനയുടെ റിപ്പോർട്ട് വിലാസരേഖയായി പരിഗണിക്കും. അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
എസ്ഐആറിന്റെ ഭാഗമായി വോട്ടർമാരെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പ് നീട്ടി നൽകിയിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കാലാവധി നീട്ടിനൽകിയിരുന്നു.
SUMMARY: The Election Commission has provided another opportunity to those removed from the draft electoral rolls in seven states.
















