തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലാേ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തുടരുകയാണ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കുന്നുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനുമുള്ള ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാനിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
















