ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ഭീഷണി. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് അടങ്ങിയ കത്ത് വിമാനത്തിന്റെ ടോയ്‌ലറ്റിൽനിന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽനിന്ന് ഉടൻ പുറത്തിറക്കി. സുരക്ഷാ പരിശോധനകൾ തുടരുകയാണ്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്.
ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് കാബിൻ ക്രൂ ടോയ്‌ലറ്റിൽ നിന്ന് ഭീഷണിക്കത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻ തന്നെ ബോംബ് സ്ക്വാഡും എയർപോർട്ട് സുരക്ഷാ സേനയായ സി.ഐ.എസ്.എഫും (CISF) ഇടപെടുകയും വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിലും ലഗേജുകളിലും ബോംബ്-ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയായശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ.
SUMMARY: Threat to hijack IndiGo flight; Inspection in Bengaluru















