ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ട്രാക്ടർ-ട്രോളിയിലേക്ക് ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 17 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഹർദോയിൽ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരുമായി സഞ്ചരിച്ച ട്രാക്ടർ-ട്രോളിക്ക് പിന്നിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ-ട്രോളി തലകീഴായി മറിഞ്ഞു. ഏകദേശം 20 മുതൽ 25 വരെ ആളുകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ 17 പേരെയും സമീപത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടവിവരമറിഞ്ഞ് സീതാപൂർ ജില്ലാ മജിസ്ട്രേറ്റ് രാജ ഗണപതി ആർ, ജില്ലാ പോലീസ് മേധാവി (എസ്പി) അങ്കൂർ അഗർവാൾ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപകടത്തിന് കാരണമായ ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അമിതവേഗതയാണ് അപകടത്തിന് പ്രാഥമിക കാരണമെന്നും യാത്രക്കാരെ കയറ്റാൻ കാർഷിക ആവശ്യങ്ങൾക്കുള്ള ട്രാക്ടർ-ട്രോളികൾ അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടിയെടുക്കുമെന്നും ലഖ്നൗ റേഞ്ച് ഐജി കിരൺ എസ് വ്യക്തമാക്കി.
SUMMARY: Accident in Uttar Pradesh as truck rams into tractor-trolley: 5 dead, 17 injured















