കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചത്. ധർമ്മപുരി ജില്ലക്കാരായ സാരാഥി കുമാർ (25), അക്മൽ ബാബു ഭായി (28), കാവേരി (31) എന്നിവരാണ് മരിച്ചത്. നെൽക്കോ (Nelco) എന്ന കരാർ സ്ഥാപനം വഴി ജോലിക്കെത്തിയവരാണിവർ. ആപ്പിൾ ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്ന മേരി ഗോൾഡ് ഫാക്ടറി എന്നറിയപ്പെടുന്ന പ്ലാന്റിലാണ് ദാരുണ സംഭവം നടന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഫാക്ടറിയിലെ ‘നാനോ-ഫിൽട്രേഷൻ ഫീഡ് ടാങ്ക്’ (Nano-filtration feed tank / ETP tank) എന്ന മാലിന്യജല ശുദ്ധീകരണ സംഭരണി വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനുമായി നാലംഗ കരാർ തൊഴിലാളി സംഘമാണ് എത്തിയത്. തുടർന്ന് അക്മൽ എന്ന തൊഴിലാളി ടാങ്കിനുള്ളിലേക്ക് നോക്കി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട് സഹായിക്കാനായി എത്തിയ കാവേരി, സാർത്തികുമാർ എന്നിവരും ഒന്നിന് പിറകെ ഒന്നായി ടാങ്കിലേക്ക് ഇറങ്ങുകയും വിഷവാതക ബാധയേറ്റ് ഉള്ളിൽ കുഴഞ്ഞുവീണ് ബോധരഹിതരാവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ബഹളം വെച്ചതിനെ തുടർന്ന് മറ്റ് ജീവനക്കാരും അധികൃതരും സ്ഥലത്ത് എത്തുകയായിരുന്നു.
ഉടൻതന്നെ ടാങ്കിനുള്ളിൽ നിന്ന് പുറത്തെടുത്ത മൂവരെയും ഹൊസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഈ അപകടത്തിൽ മറ്റ് തൊഴിലാളികൾക്കും ശ്വാസതടസ്സവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടവും പൊലീസും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ലംഘനങ്ങളെക്കുറിച്ചും അധികൃതർ പരിശോധന നടത്തിവരികയാണ്. തൊഴിലാളികളുടെ മരണത്തിൽ പ്രദേശത്ത് വലിയ തോതിൽ ആശങ്കയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ കൃഷ്ണഗിരി ജില്ലാ കളക്ടർ സി. ദിനേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ജീവനക്കാരെ ജോലിക്ക് നിയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൃഷ്ണഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: In Krishnagiri, three contract workers died after inhaling toxic gas while cleaning waste water tank at an electronics plant.















