ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ മെച്ചപ്പെട്ട നിലയിൽ തുടരുന്നതിനിടെ ദീപാവലിക്കുശേഷം നഗരത്തിലെ വായുമലിനീകരണ സൂചികയിൽ (എ.കെ.ഐ.) വർധന രേഖപ്പെടുത്തിയതായി കണക്കുകൾ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം നവംബർ എട്ടിന് രാത്രി എട്ടുമണിക്ക് ബെംഗളൂരുവിലെ എ.കെ.ഐ. 74 ആയിരുന്നു. രാത്രി പത്തുമണിയോടെ ഇത് 85 ആയി ഉയർന്നു. നവംബർ ഒൻപതിന് നഗരത്തിലെ എ.കെ.ഐ. 129 ആയി രേഖപ്പെടുത്തി. ഇതോടെ വായുവിന്റെ ഗുണനിലവാരം ‘തൃപ്തികരം’ എന്ന വിഭാഗത്തിൽനിന്ന് ‘മിതമായ മലിനീകരണം’ എന്ന വിഭാഗത്തിലേക്ക് മാറി.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മലിനീകരണത്തിന്റെ തോത് വ്യത്യസ്തമായിരുന്നു. നവംബർ ഒൻപതിന് രാവിലെ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് എ.കെ.ഐ. 228 രേഖപ്പെടുത്തി. സിൽക്ക് ബോർഡിൽ 152, ഹോംബെഗൗഡ നഗറിൽ 139, ജയനഗർ അഞ്ചാം ബ്ലോക്കിൽ 135, ഹെബ്ബാളിൽ 121 എന്നിങ്ങനെയായിരുന്നു സൂചിക. ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങളിൽ നഗരത്തിലെ എ.കെ.ഐ. പൊതുവേ 53നും 74നും ഇടയിലായിരുന്നു. എന്നാൽ പടക്കങ്ങളിൽനിന്നുള്ള പുകയും സൂക്ഷ്മകണങ്ങളും വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചതായാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷത്തെ ഉത്സവത്തിന്റെ ആദ്യ ദിവസം ബെംഗളൂരുവിൽ AQI-ൽ ഏകദേശം 25% വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇത് 82 (തൃപ്തികരം) ആയിരുന്നുവെങ്കിൽ, ഈ വർഷം ഞായറാഴ്ച അർദ്ധരാത്രിയോടെ ഇത് 102 ആയി ഉയർന്നു. രാത്രി മുഴുവൻ വായുനിലവാര സൂചിക ഉയർന്നുതന്നെ നിന്നു; ഓരോ മണിക്കൂറിലും 3-4 പോയിന്റുകൾ വർദ്ധിച്ച് തിങ്കളാഴ്ച ഉച്ചയോടെ ഇത് 133-ൽ എത്തി.
ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം മറ്റു ചില നഗരങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെങ്കിലും നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ നിലയിലല്ല മലിനീകരണം. വാഹനപ്പുകയും നിർമാണപ്രവർത്തനങ്ങളിൽനിന്നുള്ള പൊടിയും പടക്കങ്ങളിൽനിന്നുള്ള പുകയും വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.
SUMMARY:
















