കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് നിർണ്ണായക വിധി പ്രസ്താവിക്കുക. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. 2012 ഫെബ്രുവരി 20-നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂർ കൊല്ലപ്പെട്ടത്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.
അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ ഉള്‍പ്പെടെയുള്ളവർ കല്ലെറിഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉള്‍പ്പെടെ ആകെ 33 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ രണ്ട് പേർ വിചാരണയ്ക്കിടെ മരിച്ചതിനാല്‍ ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്.
17 മാസം നീണ്ടുനിന്ന വിചാരണ നടപടികളില്‍ ആകെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കിയിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. ഇതിനുപുറമെ 238 രേഖകളും 21 തൊണ്ടിമുതലുകളും (മെറ്റീരിയല്‍ ഒബ്ജക്ട്സ്) പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു.
SUMMARY: Verdict in the Ariyil Shukoor murder case on Thursday; CPM leaders P. Jayarajan and T.V. Rajesh are among the accused
















