മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15 കിലോ പോലീസ് വീണ്ടെടുത്തു. പെണ്‍സുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍സുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയായ 25കാരൻ നിഷാന്തിനായി തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയുടെ പുതിയ ഷോറൂമില്‍ നിന്ന് 20 കിലോയോളം വരുന്ന സ്വർണ-വജ്രാഭരണങ്ങള്‍ കവർന്നത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കൈയിലെ ടാറ്റൂവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുര സ്വദേശിയായ നിഷാന്താണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മോഷണത്തിന് നിഷാന്ത് ഉപയോഗിച്ചത് പെണ്‍സുഹൃത്തും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ മീനാക്ഷി നാച്ചിയാരുടെ ഇരുചക്രവാഹനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേത്തുടർന്ന് മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്ത് മധുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ച സ്വർണത്തില്‍ 15 കിലോ കണ്ടെടുത്തത്. മടക്കുളം വനമേഖലയോട് ചേർന്ന വയലില്‍ നിന്നും മയിലാടുംപാറയില്‍ കുഴിച്ചിട്ട നിലയില്‍ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ബാക്കി ആഭരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുകയാണ്.
SUMMARY: Tanishq Jewellery Heist: Police Recover 15 kg of Gold Jewellery Out of the Approximately 20 kg Stolen















