ബെംഗളൂരു: ഓല, ഊബർ ഉൾപ്പെടെയുള്ള ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഡിജിറ്റൽ മീറ്റർ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ്. സർക്കാർ നിശ്ചയിക്കുന്ന നിരക്കുകൾക്കനുസരിച്ച് മാത്രമേ യാത്രക്കാരിൽനിന്ന് പണം ഈടാക്കാവൂ എന്ന വ്യവസ്ഥ നടപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. ടാക്സി സർവീസുകൾ സ്വന്തം നിലയിൽ യാത്രാനിരക്കുകൾ നിശ്ചയിക്കുന്നതിനെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഓട്ടോറിക്ഷകളിലേതുപോലെ ടാക്സികളിലും മീറ്റർ സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പുതിയ വ്യവസ്ഥ നടപ്പിലായാൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ മാത്രമേ കമ്പനികൾക്ക് യാത്രക്കാരിൽനിന്ന് പണം ഈടാക്കാനാകൂ. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ടാക്സി സർവീസുകളിലും മീറ്റർ സംവിധാനം ഉറപ്പാക്കാനാണ് നീക്കം.
അതേസമയം, വിയറ്റ്നാം കമ്പനിയായ ഗ്രീൻ എസ്.എം.ന് ഇതിനകം 100 ടാക്സികൾക്ക് രജിസ്ട്രേഷൻ നൽകിയിട്ടുണ്ടെന്നും കൂടുതൽ വാഹനങ്ങൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മീറ്റർ സംവിധാനം എപ്പോൾ മുതൽ നിർബന്ധമാക്കുമെന്ന കാര്യത്തിൽ വിശദമായ മാർഗനിർദേശങ്ങൾ പുറത്തുവന്നിട്ടില്ല.
SUMMARY: Digital meters to be made mandatory in taxis in Karnataka – Transport Minister
















