തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദ്രോഗിയായ 77കാരന്‍ മാക്കുട്ടി റാവുത്തറാണ് മരിച്ചത്. 36 മണിക്കൂറിന് ശേഷമാണ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 16ന് അഡ്മിറ്റ് ചെയ്ത രോഗിയെ 19ന് വൈകിട്ടോടെയാണ് കാണാതായത്. രോഗിയെ പ്രവേശിപ്പിച്ചിരുന്ന മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇദ്ദേഹത്തെ കാണാതായ വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ അറിയിച്ച് പരാതി നല്‍കിയിരുന്നു. മൃതദേഹം ലഭിക്കുന്നതിന് തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നു എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നു. ശുചിമുറി ഏറെനേരം അടഞ്ഞ് കിടന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രോഗിയെ കണ്ടെത്തിയത്. രോഗിക്കൊപ്പം കൂട്ടിരിപ്പുകാര്‍ ആരും ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ ശുശ്രൂഷിച്ച് വരികയായിരുന്നു.
രോഗിയെ കാണാതായതിന് ശേഷം 19നും 20നുമടക്കം ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആരോ കൊണ്ടുവന്ന ആശുപത്രിയിലാക്കി പോയതാണ് റാവുത്തറെയെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയ ശേഷം ആശുപത്രിയിലും പുറത്തും തെരച്ചില്‍ നടത്തിയിരുന്നുവെന്നാണ് പറയുന്നത്.
മരിച്ചിട്ട് ദിവസങ്ങളായിട്ടും റാവുത്തറെ തേടി ആരും എത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Serious negligence at Thrissur Medical College; patient lay dead in restroom for 36 hours















