ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് എണ്‍പതേക്കര്‍ മേഖലയില്‍നിന്ന് 301 കോളനിയിലേക്ക് നീങ്ങിയ ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ് ദൗത്യസംഘം. അനുയോജ്യമായ സ്ഥലത്ത് എത്തിച്ചശേഷം മയക്കുവെടിവെച്ച് പിടികൂടാനാണ് നീക്കം. ദൗത്യം വിജയിച്ചാല്‍ ചക്കക്കൊമ്പന്റെ തുടര്‍നീക്കങ്ങള്‍ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കാനാകും.
മുത്തങ്ങയില്‍നിന്ന് എത്തിച്ച വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകള്‍ ഉള്‍പ്പെടെ 140 ഓളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അഞ്ച് വെറ്ററിനറി ഡോക്ടര്‍മാരും 15 അംഗ ട്രാക്കിങ് സംഘവും പ്രവര്‍ത്തനത്തിന് സജ്ജമാണ്. റേഡിയോ കോളര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അധികമായി കരുതിയിട്ടുണ്ട്. ആനയെ നിരീക്ഷിച്ച് നിരപ്പായ അഞ്ച് സ്ഥലങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് എത്തിക്കാനാണ് ശ്രമം. അനുയോജ്യമായ സാഹചര്യം ഉറപ്പാക്കിയശേഷം മയക്കുവെടിവെക്കും.
മൂന്ന് മിനിറ്റിനുള്ളില്‍ ആന മയങ്ങിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. പൂര്‍ണമായും ശാന്തനായെന്ന് ഉറപ്പാക്കിയശേഷം കുങ്കിയാനകളുടെ സഹായത്തോടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കും. മഞ്ഞുമൂടിയ കാലാവസ്ഥയും ചിന്നക്കനാലിലെ ദുഷ്കരമായ ഭൂപ്രകൃതിയും ദൗത്യത്തിന് വെല്ലുവിളിയാണ്. ഫാത്തിമ മാതാ സ്കൂളിലാണ് ബേസ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. ദൗത്യത്തിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സമീപത്തെ അഞ്ച് ആശുപത്രികളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചിന്നക്കനാല്‍ കുടുംബാരോഗ്യകേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തന്‍പാറ കുടുംബാരോഗ്യകേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യകേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്സിങ് ജീവനക്കാര്‍, ആംബുലന്‍സ്, അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: ‘Mission Chakka Komban’: Operation to tranquilize the elephant begins; 140-member team deployed















