ചെന്നൈ: ശബരിമല ക്ഷേത്രത്തില്‍ ട്രാൻസ്ജെൻഡറുകള്‍ക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചെന്നൈ സ്വദേശിയും തമിഴ്നാട് ട്രാൻസ്ജെൻഡർ വെല്‍ഫെയർ ബോർഡ് അംഗവുമായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്. ശബരിമല കേരളത്തിലായതിനാല്‍ വിഷയത്തില്‍ ഇടപെടേണ്ടത് കേരള ഹൈക്കോടതിയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വർഷം തീർത്ഥാടനത്തിനെത്തിയ തനിക്കും മറ്റ് 15 ട്രാൻസ്ജെൻഡർ തീർത്ഥാടകർക്കും പമ്പയിലെ ഗണപതി ചെക്ക്പോസ്റ്റിന് സമീപം പ്രവേശനം നിഷേധിച്ചെന്നാണ് ഹർജിയിലെ ആരോപണം. 2022 മുതല്‍ ശബരിമലയില്‍ ദർശനം നടത്തിവരുന്നതായും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായി പരാതി നേരിടുന്ന ഒരാള്‍ക്ക് പൊതുതാല്പര്യ ഹർജി നല്‍കാനാകുമോയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി പിൻവലിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു.
SUMMARY: Transgender entry at Sabarimala: Petition filed in Madras High Court dismissed















