പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നൽകി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
5000 രൂപയാണ് വോട്ടർക്ക് നൽകിയെതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തർ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോൺഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥലത്തെത്തി. പണം ലഭിച്ച വയോധികയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സംഭവത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. വോട്ടിന് പണം ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.
വീഡിയോ: മാതൃഭൂമി
















