ന്യൂഡല്‍ഹി: ടോള്‍ കേന്ദ്രങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് ദേശീയപാതകളിലെ ടോള്‍ പിരിവിന് ഫാസ്റ്റാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സംവിധാനം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി. വാഹന ഉടമകൾക്ക് ഒരു വര്‍ഷത്തെ യാത്രയ്ക്ക് 3000 രൂപ നൽകി ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് സ്വന്തമാക്കാവുന്ന വലിയ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. പുതിയ സംവിധാനം ഓഗസ്റ്റ് 15 മുതൽ നിലവിൽ വരുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
3000 രൂപ വിലവരുന്ന ഈ പാസിന്, ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 ഹൈവേ യാത്രകൾക്കോ (ഏതാണോ ആദ്യം തികയുന്നത്) സാധുത ഉണ്ടായിരിക്കും. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി മാത്രമാണ് ഈ പാസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജമാർഗ് യാത്ര ആപ്പ് (Rajmarg Yatra App) വഴിയും എൻഎച്ച്എഐ (NHAI), മോർത്ത് (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഉപയോക്താക്കൾക്ക് ഈ സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
വാർഷിക പാസ് രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ തടസ്സമില്ലാത്തതും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുമെന്ന് ഗഡ്കരി പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള പ്രത്യേക ലിങ്ക് ഉടൻ തന്നെ രാജമാർഗ് യാത്ര ആപ്പിലും എൻഎച്ച്എഐ, മോർത്ത് വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി ടോൾ ബൂത്തുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുമെന്നും, നിരക്കുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇല്ലാതാക്കുമെന്നും, ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത് രാജ്യത്തുടനീളമുള്ള സ്വകാര്യ വാഹന യാത്രക്കാർക്ക് കൂടുതൽ സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഫാസ്ടാഗ് സംവിധാനം സഹായിച്ചതായി നിതിൻ ഗഡ്കരി വ്യക്തമാക്കുന്നു. 734 സെക്കൻഡിൽ നിന്ന് 47 സെക്കൻഡായി ഹൈവേകളിൽ സ്വകാര്യവാഹനങ്ങൾ ചെലവഴിക്കുന്ന സമയം കുറയ്ക്കാൻ ഫാസ്റ്റ് ടാഗ് സംവിധാനം സഹായിച്ചതായി മന്ത്രി വ്യക്തമാക്കി
2021 ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ ഫാസ്‌ടാഗ് നിർബന്ധമാക്കിയത്. 2024 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, ടോൾ പ്ലാസകളിലെ ടോൾ പിരിവിന്റെ 98% ശതമാനത്തിലധികവും ഫാസ്‌ടാഗ് വഴിയാണ് നടക്കുന്നത്. ഇത് ഈ സംവിധാനത്തിന്റെ വ്യാപകമായ സ്വീകാര്യതയെ അടിവരയിടുന്നു.
നിലവിൽ, രാജ്യത്തെ 1,50,000 കിലോമീറ്റർ ദേശീയ പാത ശൃംഖലയിൽ 70,000 കിലോമീറ്ററിലധികം എൻഎച്ച്എഐയുടെ കീഴിലാണ്. 2008-ലെ ദേശീയ പാത ഫീസ് (നിരക്കുകൾ നിർണ്ണയിക്കുന്നതും പിരിച്ചെടുക്കുന്നതും) ചട്ടങ്ങൾ അനുസരിച്ച്, ഏകദേശം 45,000 കിലോമീറ്റർ ഹൈവേകളിലും എക്സ്പ്രസ് വേകളിലും ടോൾ ഈടാക്കുന്നുണ്ട്. എൻഎച്ച്എഐ നേരിട്ടോ സ്വകാര്യ കൺസെഷനെയറുകൾ വഴിയോ ഏകദേശം 1,200 ടോൾ പ്ലാസകളിലൂടെയാണ് ഈ ടോൾ പിരിവ് നടക്കുന്നത്.
SUMMARY: Annual pass for FASTag worth Rs 3,000; New system comes into effect