ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 2,000 രൂപയിൽ വിഹിതം നൽകാത്തതിനെച്ചൊല്ലിയ തർക്കത്തിനിടെ 78 വയസ്സുകാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തി. ഹമ്മവ്വ ബാലപ്പ സനാദിയാണ് കൊല്ലപ്പെട്ടത്. കേസിൽ മകനെയും കൊച്ചുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിലെ അരളിക്കട്ടി ഗ്രാമത്തിലാണ് സംഭവം.
കൊച്ചുമകൻ ഭീമപ്പ രാമപ്പ സനാദിയാണ് മുഖ്യപ്രതി. മകൻ രാമപ്പ സനാദിയാണ് രണ്ടാം പ്രതി
നവംബർ 10-ന് പാഷാപൂർ ആഴ്ചച്ചന്തയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ഹമ്മവ്വ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് നവംബർ 15-ന് ജിനറാൾ ഗ്രാമത്തിന് സമീപമുള്ള ഹിഡ്കൽ അണക്കെട്ടിന്റെ പിൻജലാശയത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. കല്ലുകൾ നിറച്ച രണ്ട് ചാക്കുകളിലാക്കി കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
ഹമ്മവ്വയുടെ മകൾ ഭീമവ്വ പരസപ്പ ഈരനാട്ടിയുടെ പരാതിയിൽ യമക്കനമരടി പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. അറസ്റ്റിലായ ഭീമപ്പയെയും രാമപ്പയെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസില്‍ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Argument over Rs 2,000 received in Grihalakshmi scheme; Son and grandson arrested for murdering elderly woman















