കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജനറൽ ആശുത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് നടപടിക്കായി നടത്തിയ വെെദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതിക്രമത്തെത്തുടർന്ന് മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നത്. നടി ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പോലീസിനുമാണ് പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. എതിർത്തപ്പോൾ പിൻവാങ്ങി.
എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുമ്പാണ് വനിതാ പോലീസ് സ്റ്റേഷനിൽ രഹസ്യമായി രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പോലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.
SUMMARY: Arrested director Ranjith admitted to hospital















