ശ്രീനഗർ: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയ്‌ക്കെതിരെ കേസ്. സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനും ക്രമസമാധാന ചുമതലകളില്‍ തടസ്സം സൃഷ്ടിച്ചതിനുമാണ് ഇല്‍തികയ്‌ക്കെതിരെ കേസെടുത്തത്. സംഘർഷത്തിനിടെ ഇല്‍തിജ മുഫ്തി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ചതായും രക്തസ്രാവമുണ്ടായതായും അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
എസ്‌കെ പാർക്കിലാണ് മെഹബൂബ മുഫ്തിയുടെയും ഇല്‍തിജ മുഫ്തിയുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ, ചിലർ നിയന്ത്രണങ്ങള്‍ അവഗണിച്ച് റെസിഡൻസി റോഡ് ഉപരോധിച്ച് ലാല്‍ ചൗക്കിലേക്ക് പോകാൻ ശ്രമിച്ചു. തുടർന്ന് ഇവരെ തടഞ്ഞ് സമാധാനം പാലിക്കാനും നിയമം അനുസരിക്കാനും പ്രതിഷേധക്കാരോട് ആവർത്തിച്ച് അഭ്യർത്ഥിച്ചതായി പോലീസ് പറയുന്നു.
എന്നാല്‍, പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താനും ശ്രമിച്ചു. സംഘർഷത്തിനിടെ, ഇല്‍തിജ മുഫ്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനുമായി വഴക്കിടുകയും ഉദ്യോഗസ്ഥന്റെ കയ്യില്‍ ബലമായി പിടിച്ച് കടിക്കുകയുമായിരുന്നു. ആഴത്തില്‍ മുറിവേറ്റതിനെ തുടർന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: ‘Attacked and bit police officers’; case registered against Iltija Mufti
















