ബെംഗളൂരു: ഉഡുപ്പിയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ആഷിക് അൻസാർ (19), മുഹമ്മദ് അൽത്താഫ് (23) എന്നിവരെയാണ് ഉഡുപ്പി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
മൂഡാനിഡമ്പൂർ സ്വദേശി ബാലകൃഷ്ണ എസ് ബണ്ടിന്റെ മകൻ നാഗചന്ദ്ര (32) യുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 28ന് രാത്രി ഒമ്പത് മണിയോടെ മൂഡാനിഡമ്പൂരിലെ തീരദേശ ബൈപാസ് റോഡിലെ ലാൻഡ്മാർക്ക് കെട്ടിടത്തിന് സമീപം നാഗചന്ദ്ര തന്റെ ബൈക്ക് നിർത്തിയിട്ട് വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ അദ്ദേഹം സ്ഥലത്തെത്തിയപ്പോൾ ബൈക്ക് മോഷ്ടിക്കപ്പെട്ടത്. തുടര്‍ന്നു നാഗചന്ദ്ര നല്‍കിയ പരാതിയില്‍ ഡിവൈ.എസ്.പി ഡി.ടി. പ്രഭുവിന്റെയും ഉഡുപ്പി സിറ്റി പോലീസ് ഇൻസ്പെക്ടർ മഹേഷ് പ്രസാദ് പിയുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും അന്തർ സംസ്ഥാന മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. ആഷിക് അൻസാറിനെതിരെ കേരളത്തിൽ വീട് കൊള്ളയടിക്കൽ കേസ്, കഞ്ചാവ് ഉപയോഗം എന്നിവയുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് അൽത്താഫിനെതിരെ കേരളത്തിൽ മൂന്ന് മോഷണ കേസുകളും രണ്ട് കഞ്ചാവ് ഉപയോഗ കേസുകളും ഉൾപ്പെടെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
SUMMARY: Bike theft; Two Malayali youths arrested














