ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ വീണ്ടും അപകടം. വടക്കന്‍ കർണാടകയിലെ ബിദര്‍ സ്വദേശി 48കാരനായ സഞ്ജുകുമാർ ഹൊസാമണിയാണ് മരിച്ചത്. തലമഡഗി പാലത്തിനടുത്തുള്ള റോഡിന് കുറുകെ ചിലര്‍ പട്ടം പറത്തുന്നതിനിടെ ഇതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സഞ്ജുകുമാറിന്റെ കഴുത്തില്‍ നൂല് കുരുങ്ങുകയായിരുന്നു. ഇത് മൂലം ആഴത്തിലുള്ള മുറിവാണ് സഞ്ജുകുമാറിനുണ്ടായത്. ബൈക്കിൽ നിന്ന് വീണ സഞ്ജുകുമാറിനെ വഴിയാത്രക്കാര്‍ മുറിവിൽ തുണി തിരുകി രക്തസ്രാവം തടഞ്ഞ് ആംബുലൻസില്‍ അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. നൈലോൺ പട്ടം പറത്തൽ നൂലുകളുടെ ഉപയോഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ സഞ്ജുകുമാര്‍ രക്ഷപ്പെടുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മന്ന എഖേലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൈനീസ് മാഞ്ച എന്ന് വിളിക്കുന്ന പട്ടം നൂലുകൾ നിരവധി ജീവനുകളാണ് രാജ്യത്ത് അപഹരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ പട്ടം നൂൽ മൂലം കഴുത്ത് മുറിഞ്ഞതിനെ തുടർന്ന് രഘുവീർ ധാക്കർ എന്ന 45 കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിലും ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. 2025 ജൂലൈയിൽ, വടക്കൻ ഡൽഹിയിലെ റാണി ഝാൻസി ഫ്ലൈഓവറിൽ 22 വയസ്സുള്ള വ്യവസായി യാഷ് ഗോസ്വാമി തന്റെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പട്ടം നൂൽ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്ന് വീണു മരിച്ചിരുന്നു. 2022 ൽ, സമാന സംഭവത്തില്‍ ഹൈദർപൂർ ഫ്ലൈഓവറിൽ ബൈക്ക് യാത്രികനും 2023 ജൂലൈയിൽ ഡൽഹിയിലെ പശ്ചിം വിഹാറിൽ ഏഴ് വയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു.
SUMMARY: Biker dies after suffering neck injury in kite flying accident














