ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
263.4 കിലോമീറ്റർ ദൂരമുള്ള പാതയുടെ നിര്‍മാണ ചെലവ് 15,188 കോടി രൂപയാണ്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ 100 കിലോമീറ്റർ നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനവും ജനുവരിയോടെ പൂർത്തിയാകും. നിലവില്‍ ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാദൂരം ആറ്-ഏഴ് മണിക്കൂറാണ്. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരം പകുതിയായി കുറയും. രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും.
തമിഴ്‌നാട്ടിലെ വാലാജപേട്ട് മുതൽ ആന്ധ്രയിലെ ഗുഡിപാള വരെയുള്ള ഭാഗത്തെ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും. ബെംഗളൂരു മുതൽ ആന്ധ്രയിലെ ബദമംഗല വരെയുള്ള 72 കിലോമീറ്റർ ഡിസംബറോടെയും പൂർത്തിയാകും. തമിഴ്‌നാട്ടിലെ ആർക്കോണം-ശ്രീപെരുംപുദൂർ ഭാഗത്ത് അടുത്തവർഷം ആദ്യം പണികൾ തീരും. പിന്നീട് ആന്ധ്രയിൽ ബാക്കിയുള്ള ഭാഗത്തെ പാതയുടെ നിർമാണവും പൂർത്തിയാകുന്നതോടെ അതിവേഗപാത ഗതാഗതത്തിന് പൂര്‍ണ്ണ സജ്ജമാകും. രണ്ടുവർഷം മുൻപ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളിലെ തടസ്സങ്ങൾ കാരണം വൈകുകയായിരുന്നു.
SUMMARY: Chennai-Bengaluru Expressway to be completed in March
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.