ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് (57) ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. അന്വേഷണം സിഐഡിക്ക് കൈമാറി. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കും. കുറ്റമറ്റ അന്വേഷണത്തിനാണ് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണ് സിഐഡിക്ക് കൈമാറിയത്.
തുടർച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടർന്നെന്നും രേഖകൾ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിട്ടുണ്ട്. ഇതോടെ പോലീസ് കുടുംബത്തിന്റെയും ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും. സി.ജെ. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സി ജെ റോയിയുടെ സംസ്കാരത്തിന്റെ സമയത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. രാവിലെ ഒൻപതോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സഹോദരന്റെ വീട്ടിൽ മൃതദേഹമെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷം പൊതുദർശനമുണ്ടാകും.
ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെള്ളി വൈകിട്ട് 3.15ഓടെയാണ് ദാരുണ സംഭവം. സ്വന്തം തോക്കിൽനിന്ന് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ എച്ച്‍എസ്ആർ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യയിലെ ശതകോടീശ്വന്‍മാരില്‍ പ്രമുഖനായിരുന്നു സിജെ റോയ്. അദ്ദേഹത്തിന്റ ബിസിനസ് വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളിലായി വ്യാപിച്ച് കിടക്കുന്നു. റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ച സി.ജെ.റോയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ചലച്ചിത്രനിര്‍മാണരംഗത്തും സജീവമായിരുന്നു. കൊച്ചി സ്വദേശിയായ റോയി സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു.
SUMMARY: Dr. C. J. Roy’s death; Police to conduct detailed investigation
















