ബെംഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള കുറുകെയുള്ള വയനാട്ടിലെ പെരിക്കല്ലൂർ –ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി. പാലത്തിന്റെ നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ശിവകുമാർ പി.കെ. ബഷീറിന് ഉറപ്പ് നൽകി.
പാലത്തിന്റെ നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടക ഭാഗത്തെ പാതയുടെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കണമെന്ന് പി.കെ. ബഷീർ ആവശ്യപ്പെട്ടു.
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഈ അന്തർസംസ്ഥാന പാലം. വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. അപ്രോച്ച് റോഡ് പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പൂർത്തീകരണം ഇപ്പോൾ കർണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചാണ്. കർണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലും ആവശ്യമായ പാരിസ്ഥിതിക അനുമതികളും വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെ കണ്ടത്. മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.
ദീർഘകാലമായുള്ള യാത്രാ പ്രശ്‌നങ്ങൾക്ക് ഇതോടെ ശാശ്വത പരിഹാരമാകും. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ സാധിക്കും. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന, ഒരു ബദൽ പാതയായി പാലം പ്രവർത്തിക്കും.ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും പാലം സഹായകമാകും. അദ്ദേഹം പറഞ്ഞു.
32 വർഷം മുമ്പ് 1994 സെപ്റ്റംബർ 22നു കേരള, കർണാടക മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും വീരപ്പ മൊയ്‌ലിയും ചേർന്ന് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചിരിന്നു. എന്നാൽ, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പദ്ധതി മുടങ്ങി.ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനാണു കേരളം കർണാടകയുടെ സഹായം തേടിയത്.
പാലം യാഥാർഥ്യമായാല്‍ ബെംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുകയും അതിനൊപ്പം യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. കൂടാതെ കുടക് ജില്ലയുടെ ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക, ബിസിനസ് സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകരമാകും.
SUMMARY: Byrakuppa bridge will be made a reality; Kerala Public Works Minister PK Basheer held discussions with Chief Minister DK Shivakumar
















