ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റ് എസ്റ്റാബ്ലിഷ്മെന്റ് കേന്ദ്രത്തിന് സമീപം ഡ്രോൺ പറക്കുന്നത് കണ്ടെത്തിയത് സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. ഓഗസ്റ്റ് 23ന് രാവിലെ 8.48ഓടെയാണ് സി.ഐ.എസ്.എഫ് ജീവനക്കാർ ഡ്രോൺ ശ്രദ്ധിച്ചത്.
കേന്ദ്രത്തിന്റെ ചുറ്റുമുള്ള മതിലിൽ നിന്ന് ഏകദേശം 30–40 മീറ്റർ അകലെയായി കറുത്ത നിറത്തിലുള്ള, ഏകദേശം ഒരടി വലുപ്പമുള്ള ഡ്രോണാണ് പറന്നത്. ഏഴ്–എട്ട് സെക്കൻഡ് മാത്രമാണ് ഡ്രോൺ ദൃശ്യമായിരുന്നത്. പിന്നീട് കിഴക്കൻ ബെംഗളൂരുവിലെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ആനന്ദനഗർ ഭാഗത്തേക്ക് അത് നീങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സമീപ പ്രദേശത്ത് പരിശോധന നടത്തി. ഇതിനിടെ സമീപത്ത് ഒരു ഗൃഹപ്രവേശ ചടങ്ങ് നടക്കുന്നതായി കണ്ടെത്തി. ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്താനായി ഡ്രോൺ ഉപയോഗിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഐ.എസ്.ആർ.ഒ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശം നോ-ഡ്രോൺ മേഖലയായതിനാൽ സംഭവത്തെ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
സംഭവത്തിൽ എച്ച്.എ.എൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡ്രോൺ ആരുടേതാണെന്നും ആരാണ് പറത്തിയതെന്നും കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.
SUMMARY: Drone found near ISRO center; Security alert















